-
ജിഎസ്ടി വന്നാല്‍ സാധാരണക്കാര്‍ക്ക് പലതുണ്ട് ഗുണം
ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പില്‍ വരുന്നതോടെ രാജ്യം ഒറ്റ വിപണിയായി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് നികുതിയിനത്തില്‍ കൂടുതല്‍ പണം ലഭിയ്ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് സേവനങ്ങളുടെ പാതയില്‍ ലഭ്യമാകും. നിലവിലുള്ള കുറേയെറെ നികുതികള്‍ ഇതോടെ ഇല്ലാതാകുന്നത് ഉത്പാദകരേയും വില്‍പനക്കാരേയും സഹായിക്കും. സാധാരണക്കാരെ എങ്ങനെയാണ് ചരക്ക് സേവന നികുതി നേരിട്ട് ബാധിയ്ക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉത്പാദകര്‍ക്കും വില്‍പനക്കാര്‍ക്കും നികുതിയില്‍ കുറവ് വരുമ്പോള്‍ അത് സ്വാഭാവികമായി ഉപഭോക്താക്കള്‍ക്കും ഗുണകരമായിത്തന്നെ വരും.
നികുതിയ്ക്ക് മേല്‍ നികുതി എന്ന രീതിയാണ് ഇതോടെ ഇല്ലാതാവുക. ഒരു റെഡിമെയ്ജ് ഷര്‍ട്ടിന്റെ ഉദാഹരണം എടുക്കാം. ഷര്‍ട്ട് നിര്‍മിച്ച് അത് ഫാക്ടറിയില്‍ നിന്ന് പുറത്തെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് നികുതി അടയ്ക്കണം. അത് കഴിഞ്ഞ് അത് ചില്ലറ വില്‍പന കേന്ദ്രം വഴി വിറ്റഴിയ്ക്കപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വില്‍പന നികുതിയും അടയ്ക്കണം. ആത്യന്തികമായി ഉപഭോക്താവിനാണ് ഈ നികുതി ഭാരം.
ജിഎസ്ടി(ചരക്ക് സേവന നികുതി) നിലവില്‍ വരുന്നതോടെ ഇത്തരത്തിലുള്ള ഇരട്ട നികുതികള്‍ പലതും ഇല്ലാതാകും. എല്ലാ നികുതികളും ഒരു പോയന്റില്‍ തന്നെ ഈടാക്കപ്പെടും. അതുകൊണ്ട് സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചത് താന്‍ എത്ര നികുതി കൊടുക്കുന്നു എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയും ലഭിയ്ക്കും.