• ഫാന്‍സി നമ്പര്‍ ലേലം ഇ-ടെന്‍ഡറിലേക്ക്

    • John Mathew
    • 06 . 01 . 2017

    വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ലേലം ഇ-ടെന്‍ഡറിലേക്ക് മാറ്റാനുള്ള നടപടി മോട്ടോര്‍വാഹനവകുപ്പ് ആരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമായി ചേര്‍ന്നാണ് സോഫ്റ്റവെയറില്‍ മാറ്റംവരുത്തുന്നത്. ഡല്‍ഹി മാതൃകയിലാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം. ഇതില്‍ സംസ്ഥാനത്തിന് അനുയോജ്യമായ മാറ്റംവരുത്തും. ഇക്കാര്യത്തില്‍ അന്തിമധാരണയായി. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല.

    ടെന്‍ഡര്‍ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും. ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് നമ്പര്‍ ലഭിക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ ഇതിന്റെ ലിങ്ക് ഉണ്ടാകും. താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം നമ്പര്‍ ബുക്കുചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ ലേലം നടക്കും. ലേലം ഉറപ്പിച്ചശേഷമേ ഉടമയെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയൂ.

    ഫാന്‍സി വാഹന നമ്പറുകളുടെ ലേലത്തില്‍ ഒത്തുകളിമൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പുതിയ സംവിധാനം. അപേക്ഷിക്കുമ്പോള് മുദ്രവെച്ച ടെന്‍ഡറും നല്‍കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതാണ് ഒത്തുകളിക്കിടയാക്കിയത്. ഈ വ്യവസ്ഥയുണ്ടായിരുന്നപ്പോള്‍ ലേലത്തുകയെക്കാള്‍ ഉയര്‍ന്ന തുക ടെന്‍ഡറിലുണ്ടെങ്കില്‍ അതിന്റെ അവകാശിക്കായിരുന്നു നമ്പര്‍ ലഭിക്കുക.